ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ ടിക് ടോക്കിലെ തർക്കം. ടിക് ടോക്ക് ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽകണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലു പേർ കസ്റ്റഡിയിലാണ്.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ഇത് തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെക്കുറിച്ച് അറിയുന്നവർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതുകാരനായ ഇസ്മായിൽ പൊന്നൻ.
ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.